തിരുവനന്തപുരം: പിണറായി മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും ചടങ്ങ്.മുഖ്യമന്ത്രി അടക്കം ഇരുപതംഗ മന്ത്രിസഭയായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. സിപിഐഎം സിപിഐ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിയിലാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ധാരണയിലെത്തിയത്.

ഗവര്‍ണറുടെ സൗകര്യം കൂടി അറിഞ്ഞ ശേഷം സത്യപ്രതിജ്ഞയുടെ സമയം തീരുമാനിക്കും.മുഖ്യമന്ത്രിയടക്കം സിപിഎമ്മിന് 13 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാവുക.സിപിഐക്ക് നാല് മന്ത്രിമാര്‍.അഞ്ച് മന്ത്രിമാര്‍ വേണമെന്ന സിപിഐയുടെ ആവശ്യത്തിന് സിപിഐഎം വഴങ്ങാനിടയില്ല.കടന്നപ്പളളി രാമചന്ദ്രനും എന്‍സിപിയില്‍ നിന്നും ജെഡിഎസില്‍ നിന്നും ഒരാള്‍ വീതവും മന്ത്രിമാരാകും.

കെ ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെ ഒരു എംഎല്‍എ മാത്രമുളള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഉണ്ടാകാനിടയില്ല. ആ പാര്‍ട്ടികള്‍ക്കെല്ലാം ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാനാണ് സിപിഎം തീരുമാനം. മന്ത്രിമാരെ തീരുമാനിക്കാന്‍ സിപിഐ നിര്‍വാഹകസമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും.തിങ്കളാഴ്ച സംസ്ഥാന കൗണ്‍സിലും ചേരും.സിപിഐഎം മന്ത്രിമാരെ ഞായറാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും.