തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മഹിത നൽകിയ പരാതിയിൻമേൽ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ജിഷ്ണുവിന്‍റെ കുടുംബത്തോട് വളരെ അനുഭാവ പൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ജിഷ്ണു മരിച്ച അഞ്ചാംനാൾ ചേർന്ന മന്ത്രിസഭായോഗം 10 ലക്ഷം രൂപ കുടുംബത്തിന് സഹായധനമായി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസത്തിനകം ഈ തുക ജിഷ്ണുവിന്‍റെ വസതിയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ എത്തിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കത്തു നൽകിയ പ്രതിപക്ഷ നേതാവിനും മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
