Asianet News MalayalamAsianet News Malayalam

അസഹിഷ്ണുത കേരളത്തിലേക്ക് കടത്താന്‍ സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan
Author
Kozhikode, First Published Jan 1, 2017, 1:34 PM IST

അസഹിഷ്ണുത കേരളത്തിലേക്ക് കടത്താന്‍  സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംടിക്കും കമലിനുമെതിരായ  പ്രതികരണങ്ങള്‍ ഇതിന് തെളിവാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എംടിക്കെതിരെയുള്ള സംഘ പരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് വി എസ്  അച്യുതാനന്ദനും പ്രതികരിച്ചു. എം ടിയെ അധിക്ഷേപിച്ചതിനെതിരെ  പ്രതിഷേധിക്കാന്‍ ഒത്തുകൂടേണ്ട സാഹചര്യം വന്നുവെന്നത് തന്നെ വേദനിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ കമലും പറഞ്ഞു.

എം ടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എംടിക്ക് പിന്‍തുണയുമായി  കോഴിക്കോട് പ്രതിരോധ സംഗമം നടന്നത്. അതിനിടെ ബിജെപി നേതാക്കളുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അക്ഷരങ്ങളെയും കലയെയും ഫാസിസ്റ്റുകള്‍ക്ക് ഭയമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

എംടിക്കെതിരായ സംഘപരിവാര്‍ നീക്കത്തെ നിസാരമായി കാണാനാവില്ലെന്ന് പറഞ്ഞ വി എസ്  കല്‍ബുര്‍ഗിയെപോലെ എം ടിയെ കൈകാര്യം ചെയ്യാനുള്ള നീക്കമാണെങ്കില്‍ അത് വിലപ്പോവില്ലെന്നും വ്യക്തമാക്കി.
കോഴിക്കോട്ടെ പ്രതിരോധ സംഗമത്തില്‍ സംവിധായകന്‍ കമലും ആഞ്ഞടിച്ചു. ഭാഷാ പിതാവിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച സംഘപരിവാര്‍ ഇന്ന് എല്ലാവരെയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കമല്‍ കുറ്റപ്പെടുത്തി. ഇന്നെത്തെ സാഹചര്യമാണെങ്കില്‍ നിര്‍മാല്യം സിനിമ എടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും കമല്‍ പറഞ്ഞു.

വിവിധ രാഷ്‌ട്രീയ നേതാക്കളും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.ഒന്നും പറയാന്‍ പറ്റാത്ത ദുരിതകാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണനും വിഷയത്തില്‍ പ്രതികരിച്ചു. അഭിപ്രായം പറയാന്‍ ആര്‍ക്കൊക്കെ അവകാശമുണ്ട് എന്ന ചര്‍ച്ചയാണ് നടക്കുന്നതെന്നും  സി രാധാകൃഷ്ണന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios