കടൽകൊലക്കേസിൽ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ഇറ്റാലിയന്‍ നാവികന് അനുകൂലമായി വിധിയുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു. മലാപ്പറന്പ് സ്കൂൾ അടച്ച് പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാഭ്യാസവകുപ്പ് നിയമനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതി ഇന്നു അനുമതി നൽകിയിരുന്നു. കടല്‍ക്കൊല കേസ് രാജ്യാന്തര ട്രൈബ്യൂണലില്‍ തീര്‍പ്പാക്കുന്നതുവരെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന പ്രതി സാല്‍വതോര്‍ ജിറോണിന്‍റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. ജര്‍മ്മനിയിലെ രാജ്യാന്തര കടല്‍ നിയമ തര്‍ക്ക ട്രൈബ്യൂണലില്‍ കേസ് തീര്‍പ്പാകുന്നതുവരെ ജിറോണിനെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹേഗിലെ രാജ്യാന്തര മധ്യസ്ഥ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.
