വനിതാ മതിലിന് അടിസ്ഥാനം ശബരിമല സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി. വനിതാമതിൽ വർഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയർന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. വനിതാമതിൽ വർഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റ് യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറരുതെന്ന് തന്നെയാണ് നിലപാടെന്നുമായിരുന്നു പങ്കെടുക്കുന്ന പ്രധാന സംഘടനകളിലൊന്നായ എസ്എന്‍ഡിപി വ്യക്തമാക്കിയത്. ഇതേ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നടത്തിയ യോഗങ്ങളിലും ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നില്ല.
