ഹൈദരാബാദ്: വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളെയാണ് ബിജെപി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കലാപങ്ങള്‍ നടത്തി ഭരിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് യോഗിയുടെ നിയമനത്തിലൂടെ തെളിഞ്ഞെന്നും മുഖ്യമന്ത്രി ഹൈദരാബാദില്‍ പറഞ്ഞു.മലയാളി സമാജത്തിന്‍റെ പരിപാടിയില്‍ പങ്കെടുക്കവെ എബിവിപി പ്രവര്‍ത്തകര്‍ പിണറായി വിജയനെതിരെ പ്രതിഷേധപ്രകടനം നടത്തി.

തെലങ്കാന സിപിഎം സംഘടിപ്പിച്ച മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തിലാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചത്.വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് യോഗി ആദിത്യനാഥ്.ക്രിമിനല്‍ പശ്ചാത്തലമുളളയാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിലൂടെ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്.രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും നഗ്നമായി ലംഘിക്കുന്ന പാര്‍ട്ടിക്ക് മാത്രമേ ഇത് സാധിക്കുകയുളളൂവെന്നും പിണറായി കുറ്റപ്പെടുത്തി.

നേരത്തെ തെലങ്കാന മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ശേഷം മലയാളി അസോസിയേഷന്‍റെ പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി.വേദിയിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൈദരാബാദില്‍ കാലുകുത്തിയാല്‍ പിണറായിയെ തടയുമെന്ന് പ്രഖ്യാപിച്ച ബിജെപി എംഎല്‍എ ഭീഷണി പിന്‍വലിച്ചെങ്കിലും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയത്. കമാന്‍ഡോകളെയടക്കം വിന്യസിച്ചാണ് മുഖ്യമന്ത്രിയുടെ മുഴുവന്‍ പരിപാടികളിലും തെലങ്കാന പൊലീസ് സുരക്ഷ ഒരുക്കിയത്.