തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച തുടങ്ങി. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കി. കടക്ക് പുറത്തെന്നായിരുന്നു മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. യോഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എന്ത് പറഞ്ഞില്ല, കടക്ക് പുറത്ത് എന്ന് പിണറായി ആക്രോശിക്കുകയായിരുന്നു.

മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തിന് ക്യാമറ അകത്ത് കയറ്റി എന്നായിരുന്നു ആദ്യ ചോദ്യം. ഒരു മേശക്ക് ചുറ്റിലും സമവായം ഉണ്ടാകുന്ന കാര്യം അണികളിലേക്കെത്തുന്നത് നിലവിലെ രാഷ്ട്രീയ അവസ്ഥയ്ക്ക് ഗുണം ചെയ്യും. എന്നിട്ടും മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം എന്തിനാണെന്ന് വ്യക്തമല്ല. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും.