Asianet News MalayalamAsianet News Malayalam

പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തെരഞ്ഞെടുപ്പിനു മുന്‍പേ ധാരണ; വി.എസിനെ പിബിയില്‍ എടുക്കില്ല

pinarayi vijayan and kerala election
Author
First Published May 21, 2016, 9:11 AM IST

ദില്ലി: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിനു മുമ്പേ പൊതു ധാരണയുണ്ടായിരുന്നു എന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം. വി.എസ്. അച്യുതാനന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയിലെന്നും കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്ത് ആരെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണു തെരഞ്ഞെടുപ്പിനു മുന്‍പു സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പൊതുധാരണയുണ്ടായിരുന്നെന്നാണു മുതിര്‍ന്ന പിബി അംഗങ്ങള്‍ വിശീകരിക്കുന്നത്. ഉന്നതനേതാക്കള്‍ക്കിടയിലാണ് പിണറായി തന്നെ മുഖ്യമന്ത്രിയാകും എന്ന ധാരണയുണ്ടാക്കിയതെന്നാണ് വിശദീകരണം.

വിഎസ് തത്കാലം പാര്‍ട്ടിക്കെതിരെ നീങ്ങില്ലെന്നാണു പിബിയില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ പ്രതീക്ഷ. പൊതുവികാരം അനുസരിച്ച് പോകാനുള്ള രാഷ്ട്രീയ കൗശലം വി.എസ്. എപ്പോഴും കാട്ടിയിട്ടുണ്ടെന്ന് ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിഎസിന് മറ്റെന്തെങ്കിലും സ്ഥാനം നല്‍കുന്നത് ഇന്നലെ ചര്‍ച്ചയായില്ല. ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവു മാത്രമായ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പടുത്തി അദ്ദേഹത്തെ അനുനയിപ്പിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കുന്നു.

കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം അംഗത്തെയേ പിബിയില്‍ ഉള്‍പ്പെടുത്താനാവൂ എന്നാണു ചട്ടമെന്നും കേന്ദ്ര നേതൃത്വം പറയുന്നു. മാത്രമല്ല അത്തരം എന്തു നിലപാടിനെയും സംസ്ഥാന ഘടകം എതിര്‍ക്കും. വിഎസിന്റെ കാര്യത്തില്‍ ഇന്നലെ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നു സീതാറാം യെച്ചൂരി അറിയിച്ചു.

വിഎസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പഴയ പ്രമേയമൊന്നും സംസ്ഥാന ഘടകം പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പിബി കമ്മിഷന്റെ മുന്നിലുള്ള വിഷയങ്ങള്‍ വിവാദമില്ലാതെ അവസാനിപ്പിക്കുക എന്ന വെല്ലുവിളിയും കേന്ദ്രനേതൃത്വത്തിനു മുന്നിലുണ്ട്.

Follow Us:
Download App:
  • android
  • ios