തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എ എസ്.രാജേന്ദ്രന്റെ വീട് പട്ടയഭൂമിയില്‍ തന്നെയാണെന്നും ദേവികുളം സബ്കളക്ടറെ മാറ്റുന്ന കാര്യം യോഗം ചര്‍ച്ചചെയ്തില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതിനിടെ ദേവികുളം സബ്കളക്ടര്‍ക്കെതിരായ സമരം സിപിഎം പിന്‍വലിച്ചു. പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം.

മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ നിര്‍ദാക്ഷിണ്യം നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനം. എന്നാല്‍ പതിറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്ക് പ്രശ്നമുണ്ടാകില്ല. എംഎല്‍എ എസ് രാജേന്ദ്രന്‍ ഭൂമി കയ്യേറിയെന്ന ആരോപണം മുഖ്യമന്ത്രി പൂര്‍ണമായും തള്ളി.ദേവികുളം സബ് കളക്ടറെ മാറ്റുന്ന കാര്യവും യോഗത്തിന്റെ പരിഗണനക്ക് വന്നില്ല . കളക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ പട്ടയ വിതരണം വേഗത്തിലാക്കാനും ഉന്നതതല യോഗത്തില്‍ ധാരണയായി. പട്ടയഭൂമിയില്‍ നിന്ന് 28 ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കും. ഭൂപ്രകൃതിയും വരുന്ന സഞ്ചാരികളുടെ എണ്ണവും കണക്കാക്കി മാത്രമെ റിസോര്‍ട് നിര്‍മാണത്തിന് അനുമതി നല്‍കാവൂ എന്നാണ് യോഗത്തിലെ തീരുമാനം.

അതേസമയം, എസ് രാജേന്ദ്രന് അനുകൂലമായി നിലപാടെടുത്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരുടെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ് രാജേന്ദ്രന്‍ വീട് വച്ചത് കെഎസ്ഇബിയുടെ ഭൂമിയിലെന്ന് മൂന്നാര്‍ സന്ദ‌ര്‍ശിച്ച രമേശ് ചെന്നിത്തല ആരോപിച്ചു. ഭൂമി കയ്യേറിയെന്ന ആരോപണം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഏപ്രില്‍ മൂന്നിന് മൂന്നാറില്‍ യുഡിഎഫ് സത്യാഗ്രഹം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.