തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഉദ്യോഗസ്ഥര്‍ക്ക് ആര്‍ത്തിയാണെന്നും കിട്ടുന്നതെല്ലാം പോരട്ടെ എന്നതാണ് അവരുടെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ വകുപ്പില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട്. അത് വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് എഞ്ചിനിയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു മുന്നൊരുക്കമോ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ഒന്നും ചെയ്യാതെ ഫണ്ട് അനുവദിക്കുന്ന രീതികളുണ്ട്. കരാറുകാര്‍ക്ക് വഴിപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇതൊന്നും വച്ചു പൊറുപ്പിക്കാന്‍ സാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.