തിരുവനന്തപുരം: പ്രളയാനന്തരം 'പുതിയ കേരള'ത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടരവേ പുനര്‍നിര്‍മ്മാണത്തിനായി കെ.പി.എം.ജിയെ തെരഞ്ഞെടുത്തതിനെതിരെ സര്‍ക്കാരിന് വിമര്‍ശനം. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെ.പി.എം.ജിയെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന പ്രധാന ആരോപണം.

എന്നാല്‍ കണ്‍സള്‍ട്ടന്‍സി ഒരു ഏജന്‍സിയില്‍ ഒതുക്കില്ലെന്നും കെ.പി.എം.ജി സൗജന്യ സേവനം വാഗ്ദാനം ചെയ്താണ് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ മികച്ച സേവനം നല്‍കാന്‍ കെ.പി.എം.ജിക്കാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

'വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍- എല്ലാം നമുക്ക് പുനര്‍നിര്‍മ്മിക്കാനാകും. പല സംഘടനകളും വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമെല്ലാം സഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ഒട്ടനവധി സഹായവാഗ്ദാനങ്ങളെത്തുന്നുണ്ട്. അതിന് കണക്കെടുക്കണം. സമയബന്ധിതമായി ഇക്കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കും'- മുഖ്യമന്ത്രി പറഞ്ഞു.