ബജറ്റ് ദിനത്തിൽ നിയമസഭയിൽ കെഎം മാണിക്ക് ആശംസാ പ്രവാഹം. എൺപത്താറാം പിറന്നാൾ ആശംസിച്ച് പിണറായിയും സാമാജികരും
തിരുവനന്തപുരം: ബജറ്റ് ദിനത്തിത്തിന്റെ തുടക്കത്തിൽ നിയമസഭയിലെ പ്രധാന ആകർഷണം കെഎം മാണിയായിരുന്നു. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേർന്നും മന്ത്രിമാരും എംഎൽഎമാരും മാണിക്കടുത്തെത്തി. സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എൺപത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാൻ പിസി ജോജ്ജ് വന്നപ്പോൾ ചുറ്റും നിന്നവർക്ക് പൊട്ടിച്ചിരി. കൈകൊടുത്ത് ആശംസ നേർന്ന് ജോർജ്ജും നിറഞ്ഞ ചിരിയോടെ ആശംസ ഏറ്റുവാങ്ങിയ കെഎം മാണിയും കൗതുകക്കാഴ്ചയായി.
ധനമന്ത്രി തോമസ് ഐസക് സഭയിലെത്തിയതിന്റെ തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വന്നു. ഐസകിന് കൈകൊടുത്ത ശേഷം പിണറായി നേരെ പോയത് കെഎം മാണിക്കടുത്തേക്ക്. മുഖ്യമന്ത്രിയുടെ ആശംസക്ക് പിന്നാലെ മന്ത്രിമാരും എംഎൽഎമാരും എല്ലാം മാണിക്കടുത്തെത്തി ആശംസ നേർന്നു . കഴിഞ്ഞ ദിവസമാണ് കെഎം മാണി എൺപത്താറാം പിറന്നാൾ ആഘോഷിച്ചത്
