യുഎഇയില്‍ വലിയ തോതിലുള്ള സഹായങ്ങളാണ് പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്തത്

കൊച്ചി: നവകേരള നിര്‍മിതിക്കായി വിദേശ മലയാളികളുടെ സഹായം തേടിയുളള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ദുബായി ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്തു.

പതിനേഴാം തിയതിയാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് പോയത്. യുഎഇയില്‍ വലിയ തോതിലുള്ള സഹായങ്ങളാണ് പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്തത്. കേരളത്തെ എങ്ങനെ പുനര്‍നിര്‍മിക്കുമെന്നുള്ള വ്യക്തമായ ചിത്രവും മുഖ്യന്‍ അവര്‍ക്ക് നല്‍കി.

കൂടാതെ, കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങളെ എതിര്‍ത്ത പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി അദ്ദേഹം വിവിധ പരിപാടികളിലായി വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

ദുബായിയില്‍ മലയാളി സമൂഹത്തോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞത്. മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.