രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ചും ഹര്‍ത്താലിനോട് അനുബന്ധിച്ചുള്ള അനിഷ്ട സംഭവങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും മുഖ്യമന്ത്രി വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം നടന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ചും ഹര്‍ത്താലിനോട് അനുബന്ധിച്ചുള്ള അനിഷ്ട സംഭവങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും മുഖ്യമന്ത്രി വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നേരത്തെ, ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയതോടെ ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായ സാഹചര്യത്തിലായിരുന്നു ഗവർണറുടെ നടപടി. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന അക്രമത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ, അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ സംഭവങ്ങളെ കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു.
അതേസമയം, നിരപരാധികളായ നിരവധി പേരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. ഈ അരക്ഷിതാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ശക്തമായ നിർദ്ദേശം നൽകണമെന്ന് ഗവർണറോട് ബിജെപി അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
