തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്നും ഇത് തടയാൻ എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.പയ്യന്നൂർ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഐ എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ മൊഴിയെന്നും നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ അക്രമവുമായി ബന്ധമില്ലെന്ന് ഏരിയാ കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറെ ഭീഷണിപ്പെടുത്തിയത് ജനാധിപത്യ സംവിധാനത്തിന് ചേർന്നതാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. ഗവർണറെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുപ്പിക്കാനാണ് ബിജെപി നീക്കം. അഫ്സ്പ നിയമം നടപ്പാക്കണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ല . ഗവർണ്ണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നും ഇത് ഫാസിസ്റ്റ് നയമാണെന്നും ഗവർണർ നിറവേറ്റിയത് ഭരണഘടന ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുമ്മനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ തെറ്റാണെന്നും ബിജെപി നടത്തുന്നത് തെറ്റായ പ്രചരണമാണെന്നും സഭയിൽ എന്തും വിളിച്ചുപറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കണ്ണൂരിലെ കൊലപാതകങ്ങൾ ആസൂത്രിതമെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് ആരോപിച്ചു. കൊലപാതക രാഷ്ട്രീയത്തിൽ സിപിഐ എമ്മും ബിജെപിയും മത്സരമെന്നും കെ സി ജോസഫ് പറഞ്ഞു. ഗവർണർക്കെതിരായ ബിജെപി നടപടി അപലപനീയമെന്ന് കെ സി ജോസഫ് പറഞ്ഞു.
