തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മക്കള്‍ക്കെതിരെയുളള സാമ്പത്തിക ആരോപണത്തിന്റെ ക്ഷീണത്തിലായതോടെ സിപിഎമ്മും സര്‍ക്കാരും പൂര്‍ണമായും പിണറായി വിജയന്റെ നിയന്ത്രണത്തിലായിരിക്കുകയാണ്.

സെക്രട്ടറി പ്രതിരോധത്തിലായതോടെ നേരത്തെയുള്ളതിലും കരുത്തനായി ഭരണത്തിനൊപ്പം പാര്‍ട്ടിയിലും പിണറായി വിജയന്‍ ഒന്നാമനായി നില്‍ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. മുന്‍കാല സമ്മേളനങ്ങളിലെന്ന പോലെ പിണറായി വിജയന്റെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതാവും തൃശൂര്‍ സമ്മേളനവും അതിലെ തീരുമാനങ്ങളുമെന്നാണ് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അവസാനവാക്ക് പിണറായി വിജയനാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഈ അവസ്ഥ പാര്‍ട്ടിയുടെ ശൈലിയല്ലെന്ന് വിമര്‍ശനവുമുണ്ടെങ്കിലും ഇത് തുറന്നു പറയാനോ തിരുത്താനോ ഉള്ള ധൈര്യം സിപിഎമ്മില്‍ ആര്‍ക്കുമില്ല എന്നതാണ് വസ്തുത. 

സിപിഎം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരിടത്തും മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇതേ രീതി സംസ്ഥാന സമ്മേളനത്തിലും പ്രതിനിധികള്‍ പിന്തുടരനാണ് സാധ്യത എന്നിരിക്കേ പാര്‍ട്ടിയും സര്‍ക്കാരും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന അപൂര്‍വ്വ സ്ഥിതിവിശേഷം സിപിഎമ്മില്‍ തുടരും.