എത്ര ഉന്നത ഉദ്യോഗസ്ഥൻ ആയാലും നടപടി ഉണ്ടാകും ഇത് ബ്രിട്ടീഷ് പൊലീസ് ഭരണത്തിന്റെ ജീർണ സംസ്കാരം  ദാസ്യപ്പണി പൂർണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി പൂർണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നത ഉദ്യോഗസ്ഥൻ ആയാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൊലീസ് ഭരണത്തിന്റെ ജീർണ സംസ്കാരം ആണ് ദാസ്യപ്പണി. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ഇത് തുടരുന്നത് ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തിൽ വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

എഡിജിപി സുധേഷ്‌ കുമാറിന്റെ മകളുടെ അടിയേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിൽ നിന്ന് മൊഴി എടുക്കാൻ പൊലീസ് വൈകി എന്ന് സബ് മിഷൻ ഉന്നയിച്ച ശബരീനാഥൻ എംഎല്‍എ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നാണ് ചെന്നിത്തല സഭയില്‍ പറഞ്ഞത്. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണ ചുമതല എന്നും സമയ ബന്ധിതമായി അന്വേഷണം തീർക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഗവാസ്കറെ ചെന്നിത്തല സന്ദര്‍ശിച്ചു.