പാര്‍ട്ടിയുടെ അനുമതി കൂടാതെ തന്നെ ബന്ധപ്പെട്ട മന്ത്രിക്ക് അവര്‍ക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കാന്‍ പറ്റുന്നത് പാചകക്കാരനും ഡ്രൈവറും അടക്കം മൂന്ന് തസ്തികകളിലാണ്. അത്തരത്തിലാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ശ്രീമതി ടീച്ചര്‍ സ്വന്തം മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി അറിഞ്ഞിരുന്നില്ല. പാര്‍ട്ടി അറിയേണ്ട കാര്യവുമില്ല. പിന്നീട് സ്ഥാനക്കയറ്റം നല്‍കുന്ന സമയത്താണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്ഥാനക്കയറ്റം തടയുകയായിരുന്നു. ആ സമയത്താണ് അത്തരമൊരു നിയമനം അനുചിതമെന്ന് കണ്ട് റദ്ദാക്കിയതുമെന്ന് പിണറായി പറഞ്ഞു. നേരത്തെ മരുമകളുടെ നിയമനം പാര്‍ട്ടി അറിഞ്ഞുകൊണ്ടാണ് നടത്തിയതെന്ന് പി.കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാദമായതോടെ ഒരു മണിക്കൂറിനുള്ളില്‍ ശ്രീമതി ടീച്ചര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജയരാജന്റെ നിയമനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്നം ഗൗരവമുള്ളതാണ്. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തിയെന്ന വി.എസ് അച്യുതാനന്ദന്റെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതൊക്കെ യു.ഡി.എഫിന്റെ ആരോപണങ്ങളാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യു.ഡി.എഫ് പോലെയല്ല എല്‍.ഡി.എഫ് എന്നും കോണ്‍ഗ്രസ് അല്ല സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.