ദില്ലി: സീതാറാം യെച്ചൂരിയുടെ രാജ്യസഭ സീറ്റ് വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ഭിന്നത രൂക്ഷം. വോട്ടെടുപ്പ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് പശ്ചിമബംഗാള്‍ നേതാക്കള്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി പാര്‍ലമെന്റിലേക്ക് പോകേണ്ടതില്ലെന്ന് പിണറായി വിജയന്‍ ഇന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖവും ബംഗാള്‍ നേതാക്കളെ ചൊടിപ്പിച്ചു.
കോണ്‍ഗ്രസ് പിന്തുണ യെച്ചൂരിക്ക് വേണ്ടി സ്വീകരിക്കാനാകില്ലെന്നും ജനറല്‍ സെക്രട്ടറി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കേണ്ട വ്യക്തിയല്ലെന്നും പിണറായി പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ വെബ്‌സൈറ്റിലാണ് ഉച്ചയോടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ബംഗാള്‍ ഘടകത്തിന്റെ നീക്കത്തിന് തടയിടാനാണ് പിണറായി വിജയന്റെ ഈ അസാധാരണ നീക്കം.
എന്തായാലും വോട്ടെടുപ്പിലൂടെ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെടാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. തമിഴ്‌നാട്ടിലേയും ആന്ധ്രപ്രദേശിലേയും ചില അംഗങ്ങളുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഈ നീക്കം. ദില്ലിയില്‍ തുടരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉച്ചയ്ക്ക് മുന്പാണ് സീതാറാം യെച്ചൂരിയുടെ രാജ്യസഭ സീറ്റ് സംബന്ധിച്ച വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്.
യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ ചില അംഗങ്ങള്‍ നല്‍കിയ കുറിപ്പും കേന്ദ്രകമ്മിറ്റിയില്‍ വച്ചു. വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ സി സിയില്‍ തര്‍ക്കമുണ്ടായി. ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.
