തിരുവനന്തപുരം: സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിവിധ തലങ്ങളില്‍ പരിശോധന ആവശ്യമാണ്. ഇതിന്റെ നിയമ വശങ്ങളായിരിക്കും ആദ്യം പരിശോധിക്കുകയെന്നും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. 

കരാറില്‍ നിന്ന് പിന്നോട്ട് പോകാനില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് ഗൗരവമേറിയ വിഷയമാണെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നും ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായി പരിഹരിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.