Asianet News MalayalamAsianet News Malayalam

വനിതാ മതിലിന് സർക്കാരിന്‍റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി

വനിതാ മതില്‍ സൃഷ്ടിക്കാൻ സർക്കാരിന്‍റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, വനിതാ മതിലെന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കുമെന്നും മുഖ്യമന്ത്രി.

pinarayi vijayan says about womens wall
Author
Thiruvananthapuram, First Published Dec 12, 2018, 7:18 PM IST

തിരുവനന്തപുരം: വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാരിന്‍റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, വനിതാ മതിലെന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജാതിമത ഭേദമില്ലാതെ എല്ലാവരെയും വനിതാ മതിലിലേത്ത് സ്വാഗതം ചെയ്യുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍റേതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. ആചാരങ്ങളുടെ പേരിൽ ഈ മുന്നേറ്റം തടയാനാവില്ല. ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകർ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയിൽ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനാണ് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിൽ 15 ശതമാനം വനിതാ നിയമനം നടത്താൻ ഉടൻ നടപടി സ്വീകരിക്കും. എക്‌സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകൾക്കായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios