Asianet News MalayalamAsianet News Malayalam

ചെന്നിത്തല നവോത്ഥാന സംഘടനകളെ അധിക്ഷേപിച്ചു, വനിതാ മതില്‍ പൊളിക്കുമെന്നത് സ്ത്രീവിരുദ്ധം: മുഖ്യമന്ത്രി

എടുക്കാചരക്കുകളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നായിരുന്നു യോഗത്തിനെതിരെ ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ ഇതിലൂടെ പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 

pinarayi vijayan slams opposition leader
Author
Thiruvananthapuram, First Published Dec 3, 2018, 4:50 PM IST

തിരുവനന്തപുരം: വനിതാമതിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയ നവോത്ഥാന സംഘടനകളെയും നേതാക്കളെയും എടുക്കാച്ചരക്കെന്ന് അടച്ചാക്ഷേപിക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി. പ്രതിപക്ഷ നേതാവിന്‍റെ പദവിയ്ക്ക്  നിരക്കാത്ത പദപ്രയോഗമാണ് ചെന്നിത്തല നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

എടുക്കാച്ചരക്കുകളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നായിരുന്നു യോഗത്തിനെതിരെ ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ ഇതിലൂടെ പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നവോത്ഥാന പൈതൃകമുള്ള സംഘടനകളോടും നേതാക്കളോടും പുച്ഛം വച്ച് പുലര്‍ത്തുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. 

കോണ്‍ഗ്രസില്‍തന്നെയുള്ള മറ്റ് നേതാക്കളും  ഇതേ അഭിപ്രായം തന്നെയാണോ പങ്കിടുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി  കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ സംഘടനകള്‍ക്കും അതിന്‍റെ നേതാക്കള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് വ്യക്തമാക്കി. 

സംഘടനകളുടെ പങ്ക് നിരാകരിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്‍റേത്. ഇത് സംഘടനകളെ ആക്ഷേപിക്കല്‍ മാത്രമല്ല, നവോത്ഥാന ചരിത്രത്തോടുള്ള കുറ്റ കൃത്യം കൂടിയാണ്. നവോത്ഥാന സംഘടനകളില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് മുഖം തിരിച്ച് നില്‍ക്കുന്നത് എന്തിന്.വിവേകാനന്ദന് ഭ്രാന്താലയം എന്ന് വിളിച്ച് ആക്ഷേപിച്ച കേരളത്തെ ബോധത്തിന്‍റെ ആലയമാക്കി മാറ്റിയ പ്രസ്ഥാനങ്ങളോടും ഗുരുശ്രേഷ്ഠന്‍മാരോടുമൊക്കെയുള്ള അവജ്ഞയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഈ സംഘടനകളില്‍നിന്ന് മുഖം തിരിക്കുകയല്ല വേണ്ടത്. 

വനിതാ മതില്‍ പൊളിക്കുമെന്ന് ചെന്നിത്തലയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് പുരുഷ മേധാവിത്വ മനോഘടനയാണ്. ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിയ്ക്കും ഭരണവാഴ്ചയ്ക്കും എതിരാണ് ഈ നിലപാടുകള്‍. ഇതിനെതിരെ കേരളത്തിലെ സ്ത്രീകളടക്കമുള്ള പൊതുസമൂഹം പ്രതികരിക്കും. സ്ത്രീകള്‍ക്ക് ഉണര്‍വുണ്ടാകുമ്പോള്‍ അതിനെ ഭയക്കുന്ന യാഥാസ്തിതികരുടെ മനസ്സാണ് അത് തകര്‍ക്കുമെന്ന് പറയുന്നവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios