യു എ ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചു. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മടിച്ചു. യു എ ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചു. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന പ്രചാരണം നടത്തി. ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. സർക്കാർ ജീവനക്കാർ പണം നൽകുന്നതിനെ കോൺഗ്രസ് എതിർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ശബരിമല യുവതീ പ്രവേശനത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കാൻ കഴിയില്ലെന്ന് ഒരു സർക്കാരിനും പറയാൻ കഴിയില്ല. 1991ന് മുമ്പും ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ ഇരുട്ടറയിലേക്ക് തള്ളി വിടാൻ ശ്രമം നടക്കുന്നുണ്ട്. അതിനെതിരെയായിരുന്നു വനിതാ മതിലെന്നും വനിതാ മതിൽ ലോകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിബിസി ഉൾപ്പടെയുള്ള മാധ്യമങ്ങൾ വനിതാ മതിൽ പ്രധാന തലക്കെട്ടാക്കി. ലിംഗ സമത്വത്തിന് വേണ്ടിയുള്ള ഈ മുന്നേറ്റം യാഥാസ്ഥിക വിഭാഗത്തെ വെറളി പിടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
