തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആകാശയാത്രക്കായി മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കിയത് സിപിഎമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായി. യാത്രാപരിപാടികള്‍ ക്രമീകരിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതരപാളിച്ചയുണ്ടായെന്നാണ് പൊതുവിമര്‍ശനം. 

ദുരന്തനിവാരണഫണ്ടില്‍ നിന്ന് പണമനുവദിക്കാനുള്ള തീരുമാനം മാപ്പര്‍ഹിക്കാത്ത തെറ്റെന്നാണ് മുതിര്‍ന്ന് സിപിഎം നേതാക്കള്‍ തന്നെ പറയുന്നു. നോട്ട്നിരോധനം ജിഎസ്ടി എന്നിവ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടാക്കിയതെന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ജില്ലാസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് 3000 രൂപക്ക് തീവണ്ടിയില്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താവുന്ന യാത്രക്ക് ഹെലികോപ്റ്ററില്‍ കയറി മുഖ്യമന്ത്രി 8ലക്ഷം രൂപ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗുരുതരവീഴ്ച ഇവിടെ ഒരിക്കല്‍ കൂടി തെളിഞ്ഞു.

കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചക്ക് ആകാശയാത്ര ഒഴിവാക്കാന്‍ പാകത്തില്‍ അവര്‍ സമയം ക്രമീകരിക്കണമായിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണമനുവദിച്ചതാണ് രണ്ടാമത്തെ ഗുരുതരമായ തെറ്റെന്ന് സിപിഎം നേതാക്കള്‍ തന്നെ പറയുന്നു. നാടൊന്നാകെ ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നല്‍കികൊണ്ടിരിക്കുമ്പോഴാണ് അതിന്‍റെ ചുമതലക്കാരന്‍ തന്നെ അത്യാവശ്യമല്ലാത്ത കാര്യത്തിന് 8ലക്ഷം ചെലവാക്കിയത്.

ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. തെറ്റ് ബോധ്യപ്പെട്ട് തിരുത്തിയെങ്കിലും പാര്‍ട്ടിക്കും മുന്നണിക്കും മുഖ്യമന്ത്രിക്കും ഇത് വലിയ തിരിച്ചടിയായി. ആരോഗ്യമന്ത്രി 28000 രൂപ ചെലവാക്കി കണ്ണട വാങ്ങിയത് ജില്ലാസമ്മേളനങ്ങളില്‍ വലിയരീതിയില്‍ വിമര്‍ശന വിധേയമാകുമ്പോഴാണ് ഭരണത്തലവന്‍ തന്നെ കൃത്യമായ ധൂര്‍ത്തെന്ന് വ്യാഖ്യാനിക്കാവുന്ന ഹെലകോപ്റ്റര്‍ യാത്രക്ക് 8ലക്ഷം രൂപ ചെലവാക്കിയിരിക്കുന്നത്.