Asianet News MalayalamAsianet News Malayalam

'ലാവലിന്‍' നിഴല്‍ മായുന്നു; കരുത്തനായി പിണറായി

pinarayi vijyan lavlin case
Author
First Published Aug 23, 2017, 5:41 PM IST

തിരുവനന്തപുരം: 2001 മുതല്‍ നിഴല്‍പോലെ പിന്തുടരുന്ന എസ്എന്‍സി ലാവലിന്‍ കേസില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായി ഒഴിവാകുന്ന പിണറായി വിജയന്‍ പാര്‍ട്ടിക്കകത്തും പുറത്തും കൂടുതല്‍ കരുത്തനാകുകയാണ്. സംഘപരിവാര്‍ വര്‍ഗീയതക്കെതിരെയുള്ള ദേശീയബദലിന് നേതൃത്വം കൊടുക്കുന്ന ക്ലീന്‍  മുഖ്യമന്ത്രിയെന്ന ഇമേജ് കൂടി ഇന്നത്തെ വിധിയോടെ പിണറായി വിജയന് കരുത്താകും.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ദേശീയമുഖമെന്നാണ് സിപിഎം ഇടതുകേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ എസ്എന്‍സി ലാവലിന്‍ കേസ് പിണറായിക്ക് എന്നുമൊരു ബാഡ്മാര്‍ക്കായിരുന്നു.ഇന്നത്തെ വിധിയോടെ പിണറായി അതില്‍ നിന്ന് ഏതാണ്ട് മോചിതനാകുകയാണ്.

സിബിഐ പിണറായി വിജനെ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയായിരുന്നെന്ന കോടതി പരാമര്‍ശം സുപ്രീംകോടതിയിലുണ്ടായേക്കാവുന്ന നിയമപോരാട്ടങ്ങള്‍ക്ക് കൂടി സഹായകരമാണ്. സീതാറാം യച്ചൂരിയെ കോന്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തിക്കാന്‍ ബംഗാള്‍ ഘടകം കച്ച കെട്ടിയിറങ്ങിയപ്പോള്‍ യച്ചൂരിയെ പോലും മറികടന്ന് ആ നീക്കം തടഞ്ഞത് പിണറായി വിജയനാണ്. 

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായ സമ്മേളനനടപടികളിലേക്ക് പാര്‍ട്ടി കടക്കാനൊരുങ്ങുമ്പോള്‍ ഒന്നര പതിറ്റാണ്ടായി പാര്‍ട്ടിക്കകത്തും പുറത്തും തന്നെ വേട്ടയാടിയ ലാവലിന്‍ വിമര്‍ശനത്തില്‍ നിന്ന് പൂര്‍ണമായൊഴിവായ പിണറായി വിജയന്‍ മുന്‍പെന്നത്തേക്കാള്‍ കരുത്തനായി നില്‍ക്കും.

Follow Us:
Download App:
  • android
  • ios