തിരുവനന്തപുരം: എടിഎം മോഷണക്കേസ് ചുറ്റിപ്പറ്റി രാഷ്ട്രീയ സൈബര്‍ പോര് മൂക്കുന്നു. സംഭവം ഫേസ് ബുക്കില്‍ രാഷ്ട്രീയ ആയുധമാക്കി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ രംഗത്തെത്തി. അന്താരാഷ്ട്ര കുറ്റവാളികളെ മണിക്കൂറുകള്‍ക്കകം പിടിക്കാനായത് വലിയ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കേരളാ പൊലീസിന്‍റെ വീഴ്ചകൾ ഒന്നൊന്നായി വിവരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റുകൊണ്ടാണ് രമേശ് ചെന്നിത്തല നേരിടുന്നത് . മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിക്കുന്നു

എടിഎം കവര്‍ച്ച മുൻനിര്‍ത്തി ഡിജിപിക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിക്കുകയും പ്രതിയെ പിടികൂടിയ സാഹചര്യത്തിൽ ആരോപണം പിൻ വലിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും ആവശ്യപ്പെട്ട പിണറായി വിജയന് അതേ നാണയത്തിലാണ് ചെന്നിത്തല മറുപടി നല്‍കിയിരിക്കുന്നത്.

ചക്ക വീണപ്പോൾ മുയലു ചത്തതെന്ന് കരുതി മുഖ്യമന്ത്രി വീമ്പിളക്കരുത് . അഞ്ച് എടിഎം മോഷ്ടാക്കളിൽ ഒരാൾ മാത്രമാണ് പിടിയിലായത് . കവര്‍ച്ച നടന്നത് ഡിജിപിയുടെ മൂക്കിന് താഴെയാണ്. വീഴ്ച പറ്റിയത് ഇന്‍റലിജൻസ് സംവിധാനത്തിന് മാത്രമല്ല ഇപ്പോഴും കവര്‍ച്ച തുടരുകയുമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

ജിഷ വധക്കേസിൽ ഫോറൻസിക് പരിശോധനക്ക് അയ്ക്കേണ്ട ചെരിപ്പ് ചെന്നിത്തലയുടെ പൊലീസ് കെട്ടിത്തൂക്കിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനുമുണ്ട് മറുപടി. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് 28 ദിവസത്തിനകം കണ്ടെത്തിയതിൽ അധികം ഒരു ഇഞ്ചുപോലും പിണറായിയുടെ പൊലീസ് മുന്നേറിയിട്ടില്ല.

രണ്ടു മാസത്തിനിടെ നടന്നത് 58 കൊലപാതകങ്ങൾ, കണ്ണൂരിലെ ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ് മുതൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും ഏറ്റവും ഒടുവിൽ വയര്‍ലസ് കൊണ്ട് തലയടിച്ച് പൊട്ടിച്ച സംഭവം വരെ പൊലീസിനെതിരായ കുറ്റപത്രമാണ് പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റ് . മുഖം നന്നാവാത്തതിന് കണ്ണാടി പൊട്ടിച്ചിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പോടെയാണ് ചെന്നിത്തല പോസ്റ്റ് അവസാനിപ്പിക്കുന്നത്.