സ്ഥലമേറ്റെടുപ്പിലെ കാലതാമസം മൂലമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി വൈകുന്നതെന്ന് റയിൽ വെ മന്ത്രി പീയുഷ് ഗോയൽ വിമർശിച്ചു

ദില്ലി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവർത്തിച്ച് റയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

സ്ഥലമേറ്റെടുപ്പിലെ കാലതാമസം മൂലമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി വൈകുന്നതെന്ന് റയിൽ വെ മന്ത്രി പീയുഷ് ഗോയൽ വിമർശിച്ചു. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ പദ്ധതി ഉടന നടപ്പിലാക്കാം. പദ്ധതി വൈകിയതിന് കാരണം കോൺഗ്രസാണെന്നും പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. 

പദ്ധതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രിയുടെ വിമർശനം സർക്കാർ വിലയിരുത്തണമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങാൻ ലക്ഷ്യമിട്ടു കൊണ്ട് നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നി‍ർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.