തൊടുപുഴ: വണ്ണപ്പുറം കാറ്റാടിക്കടവിലെ വനം കയ്യേറ്റമൊഴിപ്പിക്കൽ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും മുന്‍ മന്ത്രി പി.ജെ ജോസഫും തടഞ്ഞെന്ന് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് ഇരു നേതാക്കളും പ്രതികരിച്ചു. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ രാഷ്ട്രീയ സമ്മര്‍മുണ്ടായിട്ടില്ലെന്ന് കോതമംഗലം ഡി.എഫ്.ഒയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കാറ്റാടിക്കകടവിൽ നാലേക്കര്‍ റിസര്‍വ് വനം കയ്യേറി ഹോം സ്റ്റേ നിര്‍മിച്ചു. മണ്ണിടിച്ചും പാറ പൊട്ടിച്ചും വഴിയുമുണ്ടാക്കി . കയ്യേറ്റത്തിനെതിരെ കേസെടുത്ത വനം വകുപ്പ് കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി . കയ്യേറ്റമൊഴിപ്പിക്കാൻ നടപിടകള്‍ തുടങ്ങിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വനം വകുപ്പ് പിന്‍മാറിയെന്നാണ് ആരോപണം .
കയ്യേറ്റമൊഴിപ്പിക്കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാൻ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു .വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു . രാഷ്ട്രീയ സമ്മര്‍ദമെന്ന ആരോപണം തള്ളിയ കോതമംഗലം ഡി.എഫ്ഒ കയ്യേറ്റമൊഴിപ്പിക്കുമെന്ന് അറിയിച്ചു.
കയ്യേറ്റ ഭൂമിയിലെ കെട്ടിടത്തിന് നമ്പര്‍ നല്‍കിയ പഞ്ചായത്തിനോടും വൈദ്യുതി കണക്ഷന്‍ നല്‍കിയ കെ.എസ്.ഇ.ബിയോടും വനം വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം കയ്യേറ്റക്കാരെ പിടികൂടാൻ വകുപ്പ് ഇതുവരെയും നടപടിയെടുത്തിട്ടില്ല.
