രാഷ്‌ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി കൂടി പങ്കെടുക്കണമെന്ന പൊതുവികാരമായിരുന്നു നേതാക്കള്‍ പങ്കുവച്ചത്. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് പി.സി ചാക്കോയും പി.ജെ കുര്യനുമാണ്. യോഗം ഒരാള്‍ക്കുവേണ്ടി വൈകിപ്പിച്ചത് ശരിയായില്ലെന്ന് പി.സി ചാക്കോ പറഞ്ഞപ്പോള്‍ ഉമ്മന്‍ചണ്ടിയുടെ നിലപാട് തെറ്റായിപ്പോയെന്നായിരുന്നു പി.ജെ കുര്യന്‍റെ വാദം. പാര്‍ട്ടിയെക്കൊണ്ട് നേട്ടമുണ്ടാക്കിയവരില്‍ പ്രധാനിയായ ഉമ്മന്‍ചാണ്ടി നിസാരകാര്യത്തിനു വേണ്ടി നിസഹകരിക്കരുതായിരുന്നുവെന്നും പി.ജെ കുര്യന്‍ തുറന്നടിച്ചു. വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി നാളെ ദില്ലിയിലെത്തും. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രാഷ്‌ട്രീയകാര്യ സമിതി യോഗം അനിശ്ചിതമായി വൈകുന്നതിലുള്ള അതൃപ്തിയും നേതാക്കളെല്ലാം പ്രകടമാക്കി. എഗ്രൂപ്പ് നേതാക്കള്‍ കെ.പി.സി.സി അധ്യക്ഷനെതിരേയും രംഗത്തെത്തി. കെ ബാബുവിനെതിരെ രാഷ്‌ട്രീയ പ്രേരിതമായ വിജിലന്‍സ് റെയ്ഡില്‍ അഭിപ്രായം പറയാന്‍ രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരണമെന്ന നിലപാടടെുത്ത കെ.പി.സി.സി അധ്യക്ഷന്, സഹകരണ മാവോയിസ് വിഷയങ്ങളില്‍ ഏകപക്ഷീയ അഭിപ്രായം പറഞ്ഞില്ലെയെന്ന് കെ.സി ജോസഫ് ചോദിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രകോപനമായ പ്രതികരണങ്ങളില്‍ വി.എം സുധീരന്‍ പരതികരിച്ചതുപോലുമില്ലെന്ന കെ. മുരളീധരന്റെ അഭിപ്രായത്തോട് ബെന്നി ബഹന്നാനും യോജിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടെങ്കിലും ഭരണഘടന ഭേദഗതി കൂടാതെ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി.
