കൊല്ലം: വി എസിന് മുഖ്യമന്ത്രിയാക്കണമെന്ന പരസ്യ നിലപാടുമായി പി കെ ഗുരുദാസന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയാകാന്‍ വി എസിന് അയോഗ്യതയില്ലെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. വി എസ് യോഗ്യനായതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്ക് ഉള്ളില്‍ പറയുമെന്നും പി കെ ഗുരുദാസന്‍ പറഞ്ഞു. വി എസും പിണറായിയുമൊക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. പിണറായി പി ബി അംഗമാണ് വി എസ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഏറ്റവും അനുഭവസമ്പത്തുള്ള നേതാവാണ് വി എസ്. ഇക്കാര്യം താന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ഇനിയും അത് പറയുമെന്ന് പി കെ ഗുരുദാസന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പി കെ ഗുരുദാസന്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി വിഭാഗീയതയില്‍ വി എസ് അച്യുതാനന്ദന് ഒപ്പം എന്നും ഉറച്ചുനിന്നിട്ടുള്ളയാളാണ് പി കെ ഗുരുദാസന്‍. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ പി കെ ഗുരുദാസന്റെ ഈ പരസ്യ നിലപാട് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്‌ടിച്ചേക്കും. കൂടുതല്‍ വി എസ് പക്ഷനേതാക്കള്‍ ഇതേ നിലപാടുമായി രംഗത്തുവരുമോ എന്നാണ് ഔദ്യോഗിക പക്ഷം ഉറ്റുനോക്കുന്നത്. കൊല്ലത്തെ എം എല്‍ എ ആയിരുന്ന പി കെ ഗുരുദാസന് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഇതിലുള്ള അസംതൃപ്‌തി പി കെ ഗുരുദാസന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.