കോട്ടയം: കേരള സര്‍ക്കാരിനും സംസ്ഥാന വനിതാകമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ്. സംസ്ഥാന സര്‍ക്കാര്‍ ഐസിസിന്‍റെ റിക്രൂട്ടിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണെന്നും കമ്മീഷന്‍ന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഐസിസ് ഏജന്‍റുമാരുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു.

സംസ്ഥാന വനിതാകമ്മീഷന്‍റെയും ഐസിസ് നേതാക്കളുടെയും ഒരേ ഭാഷയും ശൈലിയുമാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ഹാദിയക്കേസില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. കമ്മീഷന്‍റെ പ്രവര്‍ത്തനം എന്‍.ഐ.എ അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കേരളത്തിലെ ഹിന്ദു ക്രൈസ്തവ കുടുംബങ്ങള്‍ ഐഎസില്‍ നിന്നും കടുത്ത ഭീഷണി നേരിടുകയാണ്. രാജ്യസുരക്ഷ അപകടത്തിലാണെന്നും ഹാദിയക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്നും കൃഷ്ണദാസ് ആരോപിച്ചു. കേരളത്തില്‍ നടക്കുന്ന മതം മാറ്റങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇത്തരം മതംമാറ്റങ്ങള്‍ കേരളത്തിന്‍റെ സാമൂഹികരംഗത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസും സി.പി.എമ്മും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാന്‍ മത്സരിക്കുകയാണ്. കെ.പി.സി.സി നിര്‍ദേശ പ്രകാരമാണ് കപില്‍ സിബല്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ഹാജരായതെന്നും കൃഷ്ണദാസ് ആരോപിച്ചു. 

അതേസമയം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ ദേശീയ വനിതാക്കമ്മീഷനധ്യക്ഷ രേഖാ ശര്‍മ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കൃഷ്ദാസ് തയാറായില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദേശീയ വനിതാക്കമ്മീഷനല്ലേ എന്ന ചോദ്യത്തിന് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അവരുടെ പ്രതികരണമെന്ന് പറഞ്ഞ് കൃഷ്ണദാസ് തടിതപ്പി.