തിരുവനന്തപുരം: മുസ്‌ലിം ലീഗും നേതാവും മുന്‍ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതുന്നു. ഇക്കാര്യം കാര്യമായി ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാധ്യമം 'കുടുംബം' മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

പലരുമായും ഇക്കാര്യം സംസാരിക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആത്മകഥ എഴുതുന്ന സാധ്യത ഇല്ലാതില്ലെന്നും അദ്ദേഹം പറഞ്ഞു. 

' ആത്മകഥ എഴുതുകയാണെങ്കില്‍, എനിക്ക് ഫോക്കസ് നല്‍കിയിട്ടുള്ള ഒന്നായിരിക്കില്ല. ജീവിച്ച കാലഘട്ടത്തെ ഫോക്കസ് ചെയ്ത് എഴുതാനാണ് താല്‍പ്പര്യം. ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ പറയുന്നതിനിടയില്‍ എന്റെ ജീവിതവും വരും'-കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയതിനാലാണ് ഫിലോസഫിക്കലാവുന്നതെന്ന് കുഞ്ഞാലിക്കുട്ടി അഭിമുഖത്തില്‍ പറഞ്ഞു. 'എന്റെ അനുഭവങ്ങള്‍, പീഡനങ്ങള്‍, ഒരുപാടു പേര്‍ എന്നെ ടാര്‍ഗറ്റ് ചെയ്ത അവസരങ്ങള്‍. ഇതെല്ലാം ആ മാറ്റത്തിന് കാരണമാണ്. പിന്നെ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതില്‍ നല്ലൊരു ശതമാനം ദുഷ്ടന്‍മാരാണ് എന്നതും അവര്‍ ഈ സമൂഹത്തിന് ഒരു ഗുണവും ചെയ്യാത്തവരാണ് എന്നതും ഈ പീഡനങ്ങള്‍ക്കിടയിലും എനിക്ക് ആശ്വാസം തരുന്നതാണ്. ഞാന്‍ നേരിടുന്നത് ദുഷ്ടന്‍മാരെയും സമൂഹത്തിന് ഗുണമില്ലാത്തവരെയുമാണ്. അതുകൊണ്ട് എനിക്ക് വിഷമമില്ല'.