കോഴിക്കോട്: ടി.പി വധക്കേസ് പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തന്‍ സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാവുന്നു. സിപിഎം കുന്നോത്ത്പറമ്പ് ലോക്കല്‍ സമ്മേളനത്തിലാണ്, വേദിയില്‍ ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയായ പികെ കുഞ്ഞനന്തന്‍ പരോളിലായിരിക്കെ പങ്കെടുത്തത്. പ്രതികള്‍ക്ക് വഴിവിട്ട് ലഭിക്കുന്ന ഇളവുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍.എം.പി നേതാവ് കെകെ രമ പറഞ്ഞു.
ടി.പി വധക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന നിലപാട് സിപിഎം തുടരുന്നതിനിടെയാണ് കേസില്‍ ശിക്ഷയില്‍ക്കഴിയുന്ന പി.കെ കുഞ്ഞനന്തന്‍ സിപിഎം സമ്മേളനത്തിനെത്തിയത്. കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്ത വേദിയിലും,സമ്മേളന റാലിയിലും കുഞ്ഞനന്തന്‍ പങ്കെടുത്തു. പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കുഞ്ഞനന്തന്‍ ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
നേരത്തെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും പരമാവധി 60 ദിവസമെന്ന പരോള്‍ പരിധി മറികടന്ന് പരോളനുവദിച്ചത് വിവാദമായിരുന്നു.ടി.പി വധക്കേസില്‍ പതിമൂന്നാം പ്രതിയാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ പി.കെ കുഞ്ഞനന്തന്‍. അതേസമയം സിപിഎം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അടിയന്തര പരോളല്ലാത്തതിനാല്‍ നിയമപരമായി കുഞ്ഞനന്തന് പൊതുവേദിയിലെ സാന്നിധ്യം കുരുക്കാകില്ല.
