ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. പി കെ ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ലൈംഗിക പീഡന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്.  

തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിൻറെ ലൈംഗിക പീഡനപരാതിയിൽ ഷൊർണ്ണൂർ എംഎൽഎ പികെ ശശിക്കെതിരെ നടപടി ഉറപ്പായി. നടപടി വേണമെന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്മേ‌ൽ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും. ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും

ഡിവൈഎഫ്ഐ വനിതാ നേതാവ് ശശിക്കെതിരെ ഉന്നയിച്ച പരാതി പാര്‍ട്ടി നോയോഗിച്ച അന്വേഷണ കമ്മീഷനും ശരിവെച്ചതായാണ് വിവരം. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തൽ. ശശിക്കെതിരെ നടപടി ശുപാർശ ചെയ്ത് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കും. എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ സെക്രട്ടറിയേറ്റ് ധാരണയിലെത്തും. സെക്രട്ടറിയേറ്റിന്‍റെ നിർദ്ദേശം മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുക. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ തരംതാഴ്ത്തുകയോ, പാർട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാം. പാർട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ശശിയെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കേണ്ടി വരുമെന്നത് പാര്‍ട്ടിക്കു മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇത്തരത്തിലുളള വിവിധ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും നടപടി കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം തനിക്കെതിരായ പരാതിയിൽ ഗൂഢാലോചന നടന്നെന്ന ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചില നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. എ.കെ ബാലന്‍റെയും പി.കെ ശ്രീമതിയുടെയും നേതൃത്വത്തിലുളള അന്വേഷണ കമ്മീഷന്‍ ശശിയില്‍ നിന്നും യുവതിയില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു.

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.