ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകി. സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പ് കയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു.

ദില്ലി:ഷൊര്‍ണൂര്‍ എം.എൽ.എ പി.കെ.ശശിക്കെതിരെ വനിത ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയിൽ അന്വേഷണത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. നേരത്തെ സിപിഎം സംസ്ഥാന ഘടകത്തിനും ബൃന്ദകാരാട്ടിനും ഇവര്‍ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് പാര്‍ട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് വഴി തുറന്നത്. 

കഴിഞ്ഞ മാസം 14-നാണ് ഷൊര്‍ണൂര്‍ എം.എൽ.എ പി.കെ.ശശിക്കെതിരെ വനിത ഡിവൈഎഫ്.ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകി. സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പ് കയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്തുവരും എന്നതായതോടെ പണം നൽകി ഒതുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. 

ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോൾ എം.എൽ.എയിൽ നിന്ന് മാറിനടക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെ സംസ്ഥാനത്ത് നേതാക്കൾക്ക് പരാതി അയച്ചു. പിബിയിൽ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇന്നലെ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.

പരാതി പരിഗണിച്ച അവൈലബിള്‍ പിബി ഇക്കാര്യം അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. ഒരു വനിത ഉൾപ്പെടെ രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടതെന്നും പിബി നിര്‍ദ്ദേശിച്ചു. പിബി നിര്‍ദേശത്തില്‍ ഇനി സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.