ഐതിഹാസികമായ ഒരു സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പാലക്കാട്ടെ പ്ലാച്ചിമട. കൊക്കകോള കമ്പനിക്കെതിരായ ജലസമരത്തിന്റെ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ റിലേ സത്യാഗ്രഹത്തിന് പ്ലാച്ചിമട സമരസമിതി തുടക്കമിട്ടു. കുടിവെള്ളം ഊറ്റി വിറ്റ ആഗോളഭീമന്മാര്‍ക്കെതിരെ പതിനഞ്ച് വര്‍ഷം മുന്പ് നടത്തിയ സമരത്തില്‍ നിന്ന് ഇന്ന് രണ്ടാംഘട്ട സമരത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ സമരം കൊക്കകോള കമ്പിനിക്ക് മുന്നില്‍ നിന്നും ജില്ലാ കലക്ടറേറ്റ് പടിക്കലേക്ക് എത്തിനില്‍ക്കുന്നു.

പ്ലാച്ചിമടയിലെ കൊക്കോ - കോള കമ്പനി അടച്ചു പൂട്ടി പന്ത്രണ്ട് വർഷം തികയുമ്പോൾ കൊക്കക്കോള കമ്പനിയുടെ ജലചൂഷണം മൂലം നഷ്ടം സംഭവിച്ച കർഷകർക്ക് നാളിതുവരെയായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ഇതിനായി സംസ്ഥാന സർക്കാർ 2011 ൽ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് കേന്ദ്രം അംഗീകാരം നൽകാതെ മടക്കിയതും ചൂണ്ടിക്കാട്ടി ആണ് രണ്ടാം ഘട്ട സമരം.

ഇന്ത്യയുടെ ജലമനുഷ്യനെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ജലസംരക്ഷകന്‍ ഡോ രാജേന്ദ്രസിംഗ് ആണ് രണ്ടാം പ്ലാച്ചിമട സമരം ഉദ്ഘാടനം ചെയ്തത്. 

പ്ലാച്ചിമടയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട് . പ്ലാച്ചിമടയിലെ ജനങ്ങൾ നീതി ആഗ്രഹിക്കുന്നു . കോർപറേറ്റുകൾക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് കേരളത്തിലെ സർക്കാർ എന്ന് തെളിയിക്കണം എന്നും സമരം ഉദ്ഘാടനം ചെയ്ത് ഡോ. രാജേന്ദ്ര സിംഗ് പറഞ്ഞു