തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടം അടിമുടി നവീകരിക്കുന്നതിന് പുത്തൻ പദ്ധതി വരുന്നു. പൗരാണിക തനിമയ്ക്ക് കോട്ടം തട്ടാതെ കെട്ടിട സമുച്ചയം മോടി പിടിപ്പിക്കാൻ പ്രാഥമിക പദ്ധതി രേഖ ഒരുങ്ങി . കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോപറേറ്റീവ് സൊസൈറ്റിയാണ് നവീകരണ രൂപരേഖ തയ്യാറാക്കിയത്

തലസ്ഥാന നഗരിയിൽ തലയെടുപ്പോടെ നിൽക്കുന്ന ഭരണ സിരാകേന്ദ്രത്തിന്റെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പ്രധാന കെട്ടിടവും ചുറ്റുമുള്ള പുത്തൻ നിര്‍മ്മിതികളും ചേര്‍ത്ത് സമഗ്ര നവീകരണത്തിനാണ് പദ്ധതി ഒരുങ്ങുന്നത്. ചുണ്ണാമ്പുകല്ലിൽ തീര്‍ത്ത കെട്ടിടത്തിന്റെ ഘടന അതേപടി നിലനിര്‍ത്തും. പ്രധാന കെട്ടിടവും രണ്ട് അനക്സ് കെട്ടിടങ്ങളും തമ്മിൽ ബന്ധിപ്പിക്കാൻ ആകാശപാത വരും. പൗരാണിക പ്രൗഢിക്ക് കോട്ടമില്ലാതെ ദര്‍ബാര്‍ ഹാൾ പുതുക്കും. ഭൂഗര്‍ഭ പാര്‍ക്കിംഗ് സംവിധാനവും വരും. 

സുരക്ഷയും വിവിധ ആവശ്യങ്ങൾക്ക് സെക്രട്ടേറിയറ്റിലെത്തുന്നവരുടെ സൗകര്യവും കണക്കിലെടുത്താണ് നവീകരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഊരാളുങ്കൽ സഹകരണ സൊസൈറ്റി തയ്യാറാക്കിയ രൂപരേഖ മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു . വിദഗ്ധ പാനൽ പരിശോധിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കാനാണ് തീരുമാനം. 1869ൽ വില്യം ബാര്‍ടണ്‍ രൂപകൽപ്പന ചെയ്ത കെട്ടിടം ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചും തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും വിധവും നവീകരിക്കുകയാണ് ലക്ഷ്യം.