കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാനഡ: കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂൾ വിദ്യാർത്ഥി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. ശ്രീഹരിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.
കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയും കാനഡ സ്വദേശി സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. റൺവേയ്ലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാന അപകടം ഉണ്ടായതെന്ന് ഇരുവരും പഠിച്ചിരുന്ന ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിങ് സ്കൂൾ അറിയിച്ചു.
പൈലറ്റുമാർ മാത്രമാണ് രണ്ട് സെസ്ന വിമാനങ്ങളിലും ഉണ്ടായിരുന്നത്. ആശയവിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെ പാടത്ത് തകർന്നു വീണു.
സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയിട്ടുള്ള ശ്രീഹരി കമേഷ്യൽ പൈലറ്റ് ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. മൃതദേഹം എത്രയും പെട്ടന്നെ നാട്ടിലെത്തിക്കാനുള്ള സർക്കാർ ഇടപെടവുണ്ടാകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

