വില്ലിംഗ്ടണ്‍: ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ച വിമാനത്തില്‍നിന്ന് യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി. 
ന്യൂസിലാന്‍റിലെ പസഫിക് ദ്വീപിലാണ് എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 - 800 വിമാനം അപടത്തില്‍പ്പെട്ടത്. 

35 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുളളതെന്നും എല്ലാവരെ രക്ഷപ്പെടുത്തിയതെന്നും എയര്‍ ന്യൂഗിനി അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ചിലര്‍ കായലില്‍നിന്ന് ജീവനുംകൊണ്ട് നീന്തി രക്ഷപ്പെട്ടപ്പോള്‍ ചിലരെ ചെറുബോട്ടുകളിലാണ് രക്ഷിച്ചത്. 

വിമാനം തകര്‍ന്ന് വീണിടത്ത് വീണ്ടും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എയര്‍ ന്യൂഗിനി ചീഫ് എക്സിക്യൂട്ടീവ് തഹാവര്‍ ദുറാനിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം വിമാനത്തില്‍നിന്ന് പുറത്തെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക് ബോക്സ് തിരിച്ചെടുക്കാനുളള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ കാഴ്ച മറഞ്ഞിരുന്നുവെന്നുമാണ് അപകടത്തെ കുറിച്ച് അധികൃതര്‍ വിശദീകരിച്ചത്. വെള്ളം മുന്നിലെത്തിയപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടുവെന്നും അത് കായലില്‍ മുങ്ങിത്താഴുകയാണെന്നും മനസ്സിലായതെന്ന് യാത്രക്കാരിലൊരാള്‍ അനുഭവം പങ്കുവച്ചിരുന്നു. മൈക്രോനേഷ്യയില്‍ ഇതാദ്യമായല്ല ഇത്തരമൊരു അപകടം ഉണ്ടാകുന്നത്. 2008 ല്‍ ഏഷ്യാ പസിഫിക് എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ ബോയിംഗ് 727 വിമാനവും റണ്‍വേയില്‍നിന്ന് തെന്നിമാറിയിരുന്നു.