കരിപ്പൂര്‍:  ലാന്‍ഡിംഗിനിടെ  വിമാനം തെന്നിമാറി റെണ്‍വേയില്‍ നിന്നു പുറത്തു പോയി. ഇന്നു രാവിലെ എട്ടിനായിരുന്നു അപകടം. 60 യാത്രക്കാരുമായി  ബെംഗളൂരുവില്‍ നിന്നു വന്ന സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  തലനാരിഴ്ക്കാണ് വന്‍ ദുരന്തം ഒഴിവാഴയത്.  

ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതുഭാഗത്തിലൂടെ മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.  പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു.  എതിര്‍ ദിശയില്‍ നിന്നുള്ള  ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് സൂചന.   ഏകദേശം 300 മീറ്ററോളം വിമാനം മുന്നോട്ടു പോയതിന് ശേഷം വീണ്ടും റണ്‍വേയിലേക്ക് കയറുകയായിരുന്നു. 

അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങി.  അധികൃതരുടെ കൃത്യമായ ഇടപെടലുകള്‍ക്കൊണ്ട്  വിമാനം സുരക്ഷിതമായി   നിലത്തിറക്കി.  സംഭവുമായി ബന്ധപ്പെട്ട  പൈലറ്റിനോട് അധികൃതര്‍  പ്രാഥമിക വിവരങ്ങള്‍ ചോദിച്ചു. 

എന്നാല്‍  ഒന്നും മനസിലായില്ലെന്നായിരുന്നു പൈലറ്റ് മൊഴിയെന്നാണ് സുചന.  സാധാരണയായി മധ്യഭാഗത്തു ലാന്‍ഡ് ചെയ്യേണ്ടതിനുപകരം ഈ വിമാനം ഇടതുവശത്താണ് ഇറങ്ങിയത്. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. വിമാനത്തിനു കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.