ടെയ്ക്ക് ഓഫിനിടെ വിമാനത്തിന്റെ ഡോറ് തുറന്നു, നിലത്തേയ്ക്ക് തെറിച്ച് വീണ വസ്തു കണ്ട് അമ്പരന്ന് ജീവനക്കാര്‍

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്കാണ് റഷ്യയിലെ യാകുട്സ് വിമാനത്താവളം സാക്ഷിയായത്. യാകുട്സ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന കാര്‍ഗോ വിമാനത്തില്‍ നിന്ന് റണ്‍വേയിലേയ്ക്ക് വീണത് സ്വര്‍ണക്കട്ടികള്‍. ആദ്യം കണ്ടവര്‍ ഏതോ സിനിമയുടെ ചിത്രീകരണമാണെന്ന് തെറ്റിധരിച്ചെങ്കിലും പിന്നീടാണ് സംഭവം റിയലാണെന്ന് മനസിലാക്കുന്നത്. പറന്നുയര്‍ന്ന ചടരക്കു വിമാനത്തിന്റെ വാതില്‍ അബദ്ധത്തില്‍ തുറന്ന് പോയതോടെയാണ് റണവേ സ്വര്‍ണത്തില്‍ കുളിച്ചത്.

3.4 ടണ്‍ ഭാര വരുന്ന 172 ല്‍ അധികം സ്വര്‍ണക്കട്ടികളാണ് റണ്‍വേയില്‍ വീണത്. കാര്‍ഗോ അതിശക്തമായ കാറ്റില്‍പെട്ടതോടെയാണ് കാര്‍ഗോയില്‍ സൂക്ഷിച്ച സ്വര്‍ണം പുറത്ത് വീണത്. ടെയ്ക്ക് ഓഫിനിടയില്‍ വിമാനത്തിനടിയിലെ ഒരു ഭാഗത്തിന് തകരാറ് സംഭവിച്ചതാണ് സംഭവത്തിലേയ്ക്ക് നയിച്ചതെന്നാണ് കരുതുന്നത്. പറന്നുയര്‍ന്ന് കിലോമീറ്ററുകള്‍ പോയതിന് ശേഷമാണ് വാതില്‍ തുറന്നുകിടക്കുന്ന വിവരം പൈലറ്റ് അറിഞ്ഞത്.

ഇതോടെ യാക്കുട്‌സില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള മാഗന്‍ വിമാനത്തവാളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയെങ്കിലും വഴിനീളെ സ്വര്‍ണ്ണം വര്‍ഷിച്ചുകൊണ്ടായിരുന്നു വിമാനം പോയത്. വിവരമറിഞ്ഞെത്തിയ പൊലീസ് റണ്‍വേ അടച്ച് തിരച്ചില്‍ നടത്തി. എന്നാല്‍ സ്വര്‍ണ നഷ്ടമായത് റണ്‍വേയില്‍ തന്നെയാണോയെന്ന കാര്യവും ഇതുവരെ ഉറപ്പാക്കാനായിട്ടില്ലെന്നത് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്തുന്നതില്‍ വെല്ലുവിളിയായിരിക്കുകയാണ്. 

36.8 കോടി ഡോളറിന്റെ (ഏകദേശം 2387.40 കോടി രൂപ) മൂല്യമുള്ള ചരക്കാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല.