കോഴിക്കോട്: മുക്കത്ത് കർഷകന്‍റെ 500 ഓളം വാഴകൾ വെട്ടി നശിപ്പിച്ചതായി പരാതി. വെസ്റ്റ് കൊടിയത്തൂർ സ്വദേശി പുതിയോട്ടിൽ ഹമീദിന്‍റെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹമീദ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിയിരുന്നത്. ഇവിടെ കൃഷി ചെയ്ത 2800 ഓളം വാഴകളിൽ 500 എണ്ണമാണ് നശിപ്പിക്കപ്പെട്ടത്.
വാഴകൾ ഒടിഞ്ഞുവീഴാത്ത രീതിയിലാണ് വെട്ടിയിരിക്കുന്നത്. വാഴ നശിപ്പിക്കപ്പെട്ടതായി ഒറ്റനോട്ടത്തിൽ മനസിലാകില്ല. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഹമീദ് പറയുന്നു. ദീർഘകാലം ഇയാൾ ഇവിടെ കൃഷി ചെയ്തിരുന്നു. പിന്നീട് ഒരു വർഷം സ്ഥലം ഉടമ ഇവിടെ നെൽ കൃഷി ചെയ്യുകയും മറ്റൊരാൾ ഇവിടെ വാഴകൃഷി നടത്തുകയും ചെയ്തു.
ഈ വർഷം ഹമീദ് വീണ്ടുമിവിടെ കൃഷിയിറക്കുകയായിരുന്നു. പമ്പ്സെറ്റ് ഉപയോഗിച്ച് കൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് കൃഷിയിറക്കിയ ആളുമായി തർക്കം ഉണ്ടായിരുന്നതായി ഹമീദ് പറയുന്നു. ഹമീദിന്‍റെ പരാതിയിൽ മുക്കം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
