പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യം എങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ് പി ചൈത്ര തെരേസ ജോണിന്  എതിരായ സർക്കാർ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു.

കൊച്ചി: എസ് പി ചൈത്ര തെരേസ ജോണിന് എതിരെ നടപടിയെടുത്താല്‍ കോടതി ഇടപെടാം, ഇപ്പോള്‍ ഹര്‍ജിയുടെ ആവശ്യമെന്തെന്ന് പൊതുതാല്‍പര്യ ഹര്‍ജിയോട് ഹൈക്കോടതി. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അക്രമ കേസിലെ പ്രതികൾക്കായി റെയ്ഡ് നടത്തിയതിന് പേരിൽ എസ് പിയെ സർക്കാർ ബലിയാടാകുന്നു എന്നാരോപിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

എസ് പി ചൈത്ര തെരേസ ജോണിന്‌ എതിരായി സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ആളുകൾ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ ആവൂകയുള്ളൂവെന്നും ഹർജിക്കാരനോട് വ്യക്തമാക്കി. സർക്കാർ നടപടി എടുക്കുകയാണെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. 

ചൈത്ര തെരേസ ജോണിനെ കുറ്റവിമുക്ത ആക്കിയ റിപ്പോർട്ട് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഹർജിയെന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ അവകാശം ആണ്. ഭരണഘടന അതിന് സംരക്ഷണം നൽകുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യം എങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ് പി ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു.

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അക്രമ കേസിലെ പ്രതികൾക്കായി റെയ്ഡ് നടത്തിയതിന് പേരിൽ എസ് പി എ സർക്കാർ ബലിയാടാകുന്നു എന്നാരോപിച്ച് എറണാകുളം ആസ്ഥാനമായുള്ള പബ്ലിക് ഐ എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.