ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് ചോദ്യോത്തരവേള ഒഴിവാക്കി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍, എന്‍.കെ പ്രമേചന്ദ്രന്‍, പി കരുണാകരന്‍ തുടങ്ങിയവരാണ് നോട്ടീസ് നല്‍കിയത്. വിഷയം ഉന്നയിക്കാന്‍ ശൂന്യവേളയില്‍ അനുമതി നല്‍കാമെന്ന് സ്‌പീക്കര്‍ നിലപാടെടുത്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെട്ടു. 

പന്ത്രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളുന്നുവെന്നും പിന്നീട് അവസരം നല്‍കാമെന്നും സ്‌പീക്കര്‍ അറിയിച്ചു. എന്നാല്‍ ശൂന്യവേളയിലും അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സ്‌പീക്കര്‍ വീണ്ടും സഭ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ സീതാറാം യെച്ചുരിയാണ് വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സമഗ്രമായി ചര്‍ച്ചവേണമെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.