ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടാല്‍ പേര് വെളിപ്പെടുത്തണമെന്ന് സോഷ്യല്‍ മീഡിയ
ബലാത്സംഗത്തെ തുടര്ന്ന് കൊല്ലപ്പെടുന്നവരുടെ പേരുവിരങ്ങള് വെളിപ്പെടുത്തരുതെന്ന നിയമത്തിനെതിരെ സോഷ്യല് മീഡിയാ ക്യാംപയിന്. 'അയാം നോട്ട് ജസ്റ്റ് എ നമ്പര്' എന്ന ഹാഷ് ടാഗിലാണ് സോഷ്യല് മീഡിയയില് ക്യംപയിന് ശക്തമാക്കിയിരിക്കുന്നത്. ബലാത്സംഗത്തെ തുടര്ന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ പേരും വിവരങ്ങളും പ്രസിദ്ധപ്പെടുത്തണമെന്നാണ് ക്യാംപയിന് ആവശ്യപ്പെടുന്നത്.
ലൈംഗിക പീഡനം നേരിടുന്നവരുടെ പേരുകള് വെളിപ്പെടുത്തുന്നത് കത്വയില് പെണ്കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില് വിലക്കിയ സുപ്രീം കോടതി പേരുവിവരങ്ങള് പുറത്തുവിടുന്നവര്ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മാധ്യമപ്രവര്ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് പോസ്റ്റില് നിന്ന് തുടങ്ങിയ ക്യാംപയിന് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
ബലാത്സംഗമെന്ന നികൃഷ്ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം തന്റെ മരണശേഷവും തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ക്യാംപയിനെ പിന്തുണച്ചുകൊണ്ട് ഷിംന അസീസ് കുറിച്ചു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാല് തന്റെ ചിത്രവും പേരും നല്കുക എന്ന് എല്ലാവരും ഒരേ സ്വരത്തില് ആവശ്യപ്പെടുന്നു.
''നിങ്ങളുടെ കുറ്റകൃത്യ ഡയറക്ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ. ഞാനിവിടെ രക്തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്നങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷൻമാരാണ് എന്റെ ജീവൻ പറിച്ചെറിഞ്ഞത്. ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്. ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും.'' എന്നാണ് പ്രതിഷേധകര് പറയുന്നത്. കത്വ പെണ്കുട്ടിയുടെ പേര് വെളിപ്പെടുത്തിയവര്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില് കഴിഞ്ഞ ദിവസം നിലമ്പൂര് പോത്തുകല്ലില് ഒരാള്ക്കെതിരെ കേസെടുത്തിരുന്നു.
