Asianet News MalayalamAsianet News Malayalam

മകരവിളക്ക് കാത്ത് ഭക്തർ: സന്നിധാനം ഭക്തിസാന്ദ്രം; തിരുവാഭരണഘോഷയാത്ര സന്നിധാനത്തേക്ക്

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിൽ എത്തും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
 

pligrims waiting for makaravilakku in sannidhanam
Author
Sannidhanam, First Published Jan 14, 2019, 4:27 PM IST

സന്നിധാനം: മകരവിളക്കിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിൽ എത്തും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവാഭരണഘോഷയാത്ര ശബരീപീഠം പിന്നിട്ടു. മകരവിളക്ക് നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് ഭക്തർ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും പിന്നീട് മകരവിളക്കും കാണാനുള്ള കാത്തിരിപ്പിലാണ് തീർഥാടകർ. 

ഇന്ന് രാവിലെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണഘോഷയാത്ര തുടങ്ങിയത്. അട്ടത്തോട് നിന്ന് തുടങ്ങി ആറ് കിലോമീറ്റർ പിന്നിട്ട് വലിയാനവട്ടത്തേക്കും, അവിടെ നിന്ന് ചെറിയാനവട്ടത്തേയ്ക്കുമെത്തിയ ഘോഷയാത്ര നീലിമല കടന്ന് ശരംകുത്തിയിലെത്തിയിട്ടാണ് മരക്കൂട്ടത്തേയ്ക്ക് കയറുക. അവിടെ നിന്ന് എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോർഡ് പ്രസിഡന്‍റും ഉൾപ്പടെയുള്ളവർ തിരുവാഭരണം ഏറ്റുവാങ്ങി കൊണ്ടുപോകും. 

പതിനെട്ടാം പടിയിലെത്തിയാൽ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാർത്തി വൈകിട്ട് 6.30യ്ക്കാണ് ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 

ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂർത്തം വൈകിട്ട് 7.52-നാണ്. കവടിയാർ കൊട്ടാരത്തിൽ നിന്ന് ദൂതൻ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാർത്തിയാണ് പൂജ നടത്തുക. 

വലിയാനവട്ടത്തും ചെറിയാനവട്ടത്തും പർണശാല കെട്ടി തിരുവാഭരണഘോഷയാത്ര വരുന്നത് കാണാൻ നിരവധി തീർഥാടകരാണ് കാത്തു നിന്നിരുന്നത്. കാനനപാതയിൽ ഇന്നലെ കാട്ടാനയുടെ ആക്രമണമുണ്ടായതിനാൽ വനം വകുപ്പിന്‍ കൂടുതൽ ഉദ്യോഗസ്ഥരടക്കം തിരുവാഭരണഘോഷയാത്രയ്ക്ക് പൊലീസിനൊപ്പമുണ്ടായിരുന്നു. ഹിൽടോപ്പിൽ ഇത്തവണ മകരജ്യോതി ദർശനത്തിന് സൗകര്യമില്ല. അതിന് പകരം മറ്റ് താൽക്കാലികകേന്ദ്രങ്ങളിലാണ് മകരജ്യോതി ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

കർശനസുരക്ഷയും നിയന്ത്രണങ്ങളും

ഉച്ചയ്ക്ക് രണ്ട് മണിയോടെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നത് നിർത്തിയിട്ടുണ്ട്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചിരിക്കുകയാണ്. വൈകിട്ട് ആറരയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയുംവരെ തീർഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. 

ഏഷ്യാനെറ്റ് ന്യൂസിൽ മകരവിളക്ക് തുടർച്ചയായ തത്സമയസംപ്രേഷണം:

 

Follow Us:
Download App:
  • android
  • ios