അഞ്ച് മണിയ്ക്ക് ശബരിമല ശ്രീകോവില്‍ തുറന്നു. ആറരയോടുകൂടി ദീപാരാധന നടക്കും. അതിന് ശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടുകയുള്ളൂ. ഈ സമയം തന്നെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുക

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാന്‍ വലിയ ഒരുക്കമാണ് സന്നിധാനത്ത് നടത്തിയിട്ടുള്ളത്. വിവിധ പുഷ്പങ്ങളാല്‍ പതിനെട്ടാം പടി അലങ്കരിച്ചു. ശരംകുത്തിയിലെത്തി ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ആനയിക്കും. ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും സന്നിധാനത്ത് എത്തി. 

അഞ്ച് മണിയ്ക്ക് ശബരിമല ശ്രീകോവില്‍ തുറന്നു. ആറരയോടുകൂടി ദീപാരാധന നടക്കും. അതിന് ശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടുകയുള്ളൂ. ഈ സമയം തന്നെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുക. കെട്ടിടങ്ങള്‍ക്ക് മുകളിലും കുന്നിന്‍മുകളിലുമായി ആളുകള്‍ ജ്യോതി കാണാന്‍ നിലയുറപ്പിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് നടന് പുല്ല്മേട് ദുരന്തം മുന്‍നിര്‍ത്തി കനത്ത സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. 

തീര്‍ത്ഥാടകരെ നേരത്തേ നടപ്പന്തലടക്കമുള്ള സ്ഥലങ്ങളില്‍നിന്നും വടക്കേ നടയില്‍നിന്നുമെല്ലാം ഒഴിപ്പിച്ചിരുന്നു. ഘോഷയാത്രയ്ക്കൊപ്പമുള്ള അനുയാത്രാസംഘം ഇപ്പോള്‍ എത്തിയിട്ടുണ്ട്. പതിനെട്ടാം പടിയ്ക്ക് തൊട്ട് താഴെ വച്ച് ഇവരെ തടഞ്ഞിരിക്കുകയാണ്. തിരുവാഭരണം അണിഞ്ഞുള്ള ദീപാരാധനയ്ക്ക് ശേഷം മാത്രമേ ഇവര്‍ക്ക് പടികയറാനാകൂ. എട്ട് സ്ഥലങ്ങളിലാണ് മകര ജ്യോതി കാണാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ പൊലീസും അധികൃതരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.