കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചെറുവാടി ഹയര്‍ സെക്കണ്ടറി സ്കൂളിലെയും മണാശേരി ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതായി പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഇവര്‍ മുക്കം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെറുവാടിയില്‍ മര്‍ദ്ദനമേറ്റ 15 വിദ്യാര്‍ത്ഥികള്‍ മണാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലും ബൈക്കിന്‍റെ ചാവിയും മറ്റും ഉപയോഗിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മുഖത്തും മുതുകത്തും കാലിനുമാണ് പരിക്കേറ്റത്. മണാശേരി ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് ആറ് വിദ്യാര്‍ത്ഥികളാണ് ചികിത്സയില്‍.