കൊല്ലം: പത്താനാപുരം പിറവന്തൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. ആത്മഹത്യയാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. എന്നാല്‍ കൊലപാതകമാണെന്ന് ആരോപിക്കുന്ന മാതാപിതാക്കള്‍ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 29നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിന്‍സിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയാണ് വീട്ടിലെ തറയില്‍ മൃതദേഹം കണ്ടത്. റിന്‍സിയുടെ കഴുത്തിലെ സ്വര്‍ണമാല നഷ്ടപ്പെട്ടതായും കിടപ്പുമുറിയുടെ ഒരു വാതില്‍ തുറന്ന് കിടന്നിരുന്നതായും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 

എന്നാല്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചെന്നാണ് പോസ്റ്റ് മര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകമെന്ന് സംശയമുണ്ടാക്കുന്ന അടയാളങ്ങള്‍ ഒന്നും പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതുമില്ല. ഇതേത്തുടര്‍ന്ന് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാതാപിതാക്കള്‍.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി പ്രദാശവാസികളും പങ്കുവക്കുന്നു. മാതാപിതാക്കള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം റൂറല്‍ എസ്പിയും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും റിന്‍സിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.