ദില്ലി:ഇന്ത്യയെ മൂലയ്ക്കിരുത്താന്‍ ഇനിയാര്‍ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഏറ്റവുമധികം പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരാണ് തന്റേതെന്നും എന്‍ഡിഎ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, ജനങ്ങളെ വിഭജിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനു നല്കിയ അഭിമുഖത്തിലാണ് രാജ്യം വന്‍ ശക്തിയായി മാറുകയാണെന്നും ആര്‍ക്കും ഇന്ത്യയെ മൂലയ്ക്കിരുത്താന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടത്. അഴിമതി ഇല്ലാതാക്കാന്‍ പല നടപടികളും കൈക്കൊണ്ടു. കഴിഞ്ഞ സര്‍ക്കാരുകള്‍ ദുഷ്‌ക്കരമെന്ന് കരുതിയ പരിഷ്‌ക്കരണ നടപടികള്‍ കൈക്കൊള്ളാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു. ചരക്കു സേവന നികുതി ഇക്കൊല്ലം നടപ്പാക്കും. പൊതുമേഖലയെ തകര്‍ക്കുന്ന സമീപനം ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

അതേ സമയം ജനങ്ങളെ പറഞ്ഞു പറ്റിച്ചതിന്റെ രണ്ടാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. ഭരണനിര്‍വ്വഹണത്തില്‍ ഒരു മോദി ടച്ച് ദൃശ്യമാണെങ്കിലും പല അനാവശ്യ വിവാദങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ശോഭ കെടുത്തി. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള റാലി ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ചു കൊണ്ട് അവിടെ ഭരണം പിടിക്കുക എന്നതാണ് ഇനി മുഖ്യ ലക്ഷ്യം എന്ന സൂചനയാണ് ബിജെപി നല്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന മോദിക്ക് രണ്ടാം വാര്‍ഷികത്തിലും ഒരു ശക്തനായ എതിരാളിയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ആര് മോദി വിരുദ്ധ ചേരിക്ക് നേതൃത്വം നല്കുമെന്നറിയാന്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കണം.